ഇരിങ്ങാലക്കുട: ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ പ്രഥമ അപ്പസ്തോലനുമായ മാർ തോമാശ്ലീഹായുടെ ഭാരതപ്രവേശന തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ മാർത്തോമാ തീർഥാടനം ഇന്നു നടക്കും. ക്രിസ്തുജയന്തി 2025-ാം ജൂബിലി ആഘോഷ സമാപനത്തിന്റയും സീറോ മലബാർ സഭയുടെ സാമുദായിക ശക്തീകരണവർഷത്തിന്റെയും ഇരിങ്ങാലക്കുട രൂപതയുടെ സുവർണജൂബിലി ഒരുക്കത്തിന്റെ ഭാഗമായ കുടുംബവർഷ ആചരണത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ വർഷം രൂപതാതീർഥാടനം നടത്തുന്നത്. രൂപതയിലെ 141 ഇടവകകളിൽനിന്ന് അയ്യായിരത്തോളം വിശ്വാസികൾ അണിചേരും.
ഇരിങ്ങാലക്കുട കത്തീഡ്രൽ അങ്കണത്തിൽനിന്നു രാവിലെ 6.30ന് ആരംഭിക്കുന്ന തീർഥയാത്ര വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ ഫ്ലാഗ് ഓഫ് ചെയ്യും. പുത്തൻചിറ, മാള ഫൊറോനകളിൽനിന്നുള്ള മേഖലാ പദയാത്രകൾ രാവിലെ ഏഴിന് ആരംഭിക്കും. കത്തീഡ്രൽ അങ്കണത്തിൽനിന്ന് രാവിലെ 6.30ന് രൂപതാ ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിലും മാള ഫൊറോന ദേവാലയാങ്കണത്തിൽനിന്ന് രാവിലെ ഏഴിനു വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കലിന്റെ നേതൃത്വത്തിലും പുത്തൻചിറ ഫൊറോന ദേവാലയാങ്കണത്തിൽനിന്ന് രാവിലെ ഏഴിന് മോണ്‍. വിൽസൻ ഈരത്തറയുടെ നേതൃത്വത്തിലും ആരംഭിക്കുന്ന തീർഥാടനം കൊടുങ്ങല്ലൂർ സെന്റ് മേരീസ് ദേവാലയാങ്കണത്തിലെ സാന്തോംനഗറിൽ രാവിലെ 10.45ന് എത്തിച്ചേരും.
വിവിധ മതനേതാക്കളും രാഷ്ട്രീയ-സാമൂഹ്യരംഗത്തെ പ്രമുഖരും ചേർന്ന് കൽവിളക്കിൽ തിരിതെളിക്കും. 11നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആത്മീയകലാവിരുന്ന്, നേർച്ചഭക്ഷണം. ഉച്ചകഴിഞ്ഞു രണ്ടിന് അഴീക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർഥകേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കം.
വികാരി ജനറാളും ജനറൽ കോഓർഡിനേറ്ററുമായ മോണ്‍. ജോളി വടക്കൻ, മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കൽ, ജനറൽ കണ്‍വീനർ ഫാ. ഫ്രീജോ പാറയ്ക്കൽ, ജോയിന്റ് കോഓർഡിനേറ്റർ ഫാ. ജോയ് പെരേപ്പാടൻ, ജോയിന്റ് കണ്‍വീനർ ജിക്സൻ നട്ടേക്കാടൻ, സെക്രട്ടറി ഫാ. റിജോ ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.